Tuesday, August 26, 2014

ഫോട്ടോഗ്രാഫി പഠനത്തില്‍ തീവണ്ടിക്കുള്ള പങ്ക്...!!




"എങ്ങോട്ടാണെഡേയ്... അതിരാവിലെ തന്നെ കെട്ടും ഭാ‍‌ണ്ഡവുമൊക്കെയായി...?"

"ദേ... ഇതെന്റെ കാമറെ൦ മൊത്തം ലെന്‍സുകളും.... ഫ്ലാഷ് ഗണ്ണും, മുക്കാലീം ബാക്കി സകല കിടുതാപ്പുകളും ഉണ്ട്.. പത്തരയ്ക്കുള്ള ചെന്നൈ സൂപ്പര്‍ ഫാസ്റ്റിനു രണ്ട് ടിക്കറ്റും...."

"നീ എന്ത്.. ക്യാമറയുമായി നാട് വിടുന്നോ.....?"

"അത് ശരി, ഫോട്ടോഗ്രാഫി പഠിപ്പിക്കാന്‍ തീവണ്ടീല്‍ പോകാന്നു പറഞ്ഞിട്ട്, ആളെ മക്കാറാക്ക്വാ?"

"ഹെന്‍റമ്മച്ചീ... അദാണോ കാര്യം....!! നീ ആ ഭാണ്ഡക്കെട്ട് അവിടെങ്ങാന്‍ വെച്ചിട്ട് സമാധാനമായി ഇവിടിരി..." 

"ഏയ്‌ .. അത് ശരിയാവൂല്ല... ട്രെയിന്‍ വരാന്‍ ഇനി അര മണിക്കൂര്‍ തികച്ചില്ല....."

"ഹ.. അതങ്ങ് പോട്ടെ... നീ ഇവിടിരി..."

"അപ്പൊ നമ്മള്‍ പോണില്ലേ...?"

"പോകാം... നമ്മള്‍ വേണ്ട, നീ ഒറ്റയ്ക്ക് പോയാ മതി... സൂപ്പര്‍ ഫാസ്റ്റും വേണ്ട.. നാളെ രാവിലത്തെ മാംഗളൂര്‍ കോയമ്പത്തൂര്‍ പാസഞ്ചര്‍ ട്രെയിന്‍ പിടിച്ചോ...ഇനീപ്പോ ട്രെയിന്‍ കിട്ടിയില്ലേല്‍ ബസ്സായാലും മതി...."

"അത് ശരി ആളെ പറ്റിക്കാ.... വെറുതെ ഒരു യാത്ര ആണ് പരിപാടി എങ്കില്‍ അതെനിക്കറിയാലോ...."

"എന്തറിയാം...?"

"നമ്മളിങ്ങനെ ഓരോരോ പുതിയ സ്ഥലങ്ങളില്‍ പോകുന്നു... ക്യാമറ എടുത്ത് ചക ച്കാന്നു ഫോട്ടോ എടുക്കുന്നു... പഠിക്കുന്നു....അദന്നെ..!"

" ഇങ്ങനെ ചക ചകാന്നുള്ള ഫോട്ടോ എടുപ്പ് എന്ന് നിര്‍ത്തുന്നോ, അന്നേ നീ ഫോട്ടോഗ്രഫി പഠിക്കൂ..."

"അദെന്ത്...? അപ്പ  ഫോട്ടോ എടുക്കണ്ടേ...?"

"വേണ്ട... ക്യാമറ പോലും എടുക്കണ്ടാ.....!!"

"മനസ്സിലായില്ല..."

"തീവണ്ടി കയറിയുള്ള ഫോട്ടോഗ്രഫി പഠനത്തിനു ക്യാമറയേ ആവശ്യമില്ലാന്നു....!"

"എന്തോന്ന്‍?.... ഈ വെള്ളത്തിലിറങ്ങാതെ നീന്താന്‍ പഠിക്കാ... വളയമില്ലാതെ ചാട്ടം പഠിക്കാ... അതുപോലാ ല്ലേ... ബെസ്റ്റ്!"

"നീ അവിടിരുന്നൊന്നു സമാധി, സോറി സമാധാന്‍ ആവൂ... പറയാം..."

"ശരി ഇരുന്നു....."

"ഈ പറയാന്‍ പോകുന്ന പാഠം അല്ലെങ്കില്‍  ഫോടോഗ്രഫിക് എക്സര്‍സൈസ് ഏതു സമയത്തും വാഹനത്തിലോ ഇനി കാല്‍ നടയായോ ആയാലും  സഞ്ചരിക്കുമ്പോ ചെയ്യാന്‍ പറ്റിയ ഒരു സംഗതിയാണ്."

"പിന്നെന്തിനു തീവണ്ടി...?"

"ഞാന്‍ നോക്കിയിടത്തോളം ഏറ്റവും ഫലപ്രദമായി ഇത് ചെയ്യാന്‍ പറ്റിയ ഇടമാണ് തീവണ്ടി... കേരളത്തെ സംബന്ധിചിടത്തോളം എങ്കിലും..."

"കാര്യം...?"

"റോഡ്‌ വഴിയുള്ള യാത്രയേക്കാള്‍ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയും മുഹൂര്‍ത്തങ്ങളും തീവണ്ടി യാത്രയില്‍ കിട്ടും എന്നാണ് ഒരു നിരീക്ഷണം"

"ശരി.... തീവണ്ടി കയറിയിട്ട് എന്ത് ചെയ്യണം അത് പറ....."

"ആദ്യമേ ഒരു കാര്യം... തിരക്ക് പിടിച്ചുള്ള യാത്രകള്‍ മറന്നേക്കുക.... നല്ല സമയത്തോടെ യാത്ര ചെയ്യുമ്പോ മാത്രം ഇത് ചെയ്താ മതി...."

"അദെന്ത്...?"

"കാരണം.. എല്ലാ സ്റ്റേഷനുകളിലും നിര്‍ത്തി അങ്ങിനെ പോകുന്ന ഒരു ലോകല്‍ ട്രെയിനില്‍ ആണ് നാം കയറുന്നത്.... കഴിയുന്നതും രാവിലെ, അല്ലെങ്കില്‍ വൈകുന്നേരം..."

"ആയിക്കോട്ടെ...."

"ഇനി വളരെ പ്രധാനപ്പെട്ട ഒരു കാര്യം..."

"എന്താണാവോ...?"

"വിന്‍ഡോ സീറ്റ്... എങ്ങനെങ്കിലും ഒരു വിന്‍ഡോ സീറ്റ് കരസ്ഥമാക്കുക..."

"അതും തീരുമാനാക്കാം....ന്നിട്ട്?"

"ഇരിക്കാ... സ്വസ്ഥമായി... ഏകാഗ്രമായി..."

"അങ്ങനിരുന്നാ മതിയോ... ?"

"പോരാ... കണ്ണും മനസ്സും മുഴുവനായും ചുറ്റ്പാടുകളിലേക്ക് കേന്ദ്രീകരിക്കുക....."

"സാഹിത്യം പറയാതെ കാര്യം പറ കോയാ...!"

"ശരി... ആദ്യം തന്നെ നമ്മുടെ തീവണ്ടി ഒരു സ്റ്റേഷനില്‍ നില്‍ക്കുന്നു എന്നൊരു ഊഹത്തില്‍ നിന്നു തുടങ്ങാം...."

"ശരി ഊഹിച്ചു....."

"തീവണ്ടിയില്‍ നമ്മുടെ സ്ഥാനം നിശ്ചിതമാണ്... പുറത്തുള്ള കാഴ്ചകളിലോ സംഭവങ്ങളിലോ നമുക്കൊരു നിയന്ത്രണവുമില്ല.... ഇതിനെല്ലാമുപരി ആ കാഴ്ചകളോ, സംഭവങ്ങളോ തീവണ്ടിയുടെ ജനാല എന്ന ചതുരത്തിനാല്‍ അല്ലെങ്കില്‍ ഫ്രെയിമിനാല്‍ പരിമിതപ്പെടുത്തപെട്ടും ഇരിക്കുന്നു.... ഓ..ക്കെ?"

"ശരി...."

"ശരി അപ്പൊ ആദ്യം ചെയ്യേണ്ടത് ജനാല എന്ന ഫ്രെയിമിനുള്ളിലൂടെ പ്ലാറ്റ്ഫോമിലോ അല്ലെങ്കില്‍ അതിനുമപ്പുറത്തോ കാണുന്ന കാഴ്ചകളില്‍ ഫോട്ടോഗ്രഫിക് ഇന്ററസ്റ്റ് ഉള്ളത് എന്ന് നിങ്ങള്‍ക്ക് പെട്ടെന്ന് തോന്നുന്ന ഒരു സംഗതി കണ്ടു പിടിക്കുക എന്നതാണ്.. അത് കളര്‍ കൊമ്പിനെഷന്‍സ് ആവാം, പാറെറണുകള്‍ ആവാം... പ്ലാറ്റ്ഫോമില്‍ നില്‍ക്കുന്ന ആളുകള്‍ ആവാം, ബഞ്ചുകളില്‍ ഇരുന്നു സൊറ പറയുന്നവര്‍ ആവാം... അങ്ങനെ എന്തും..."

"എന്നിട്ട്..?"

"ആദ്യം എന്ത് കൊണ്ട് ആ സബ്ജക്റ്റ് നിങ്ങള്‍ക്ക് ഫോട്ടോ എടുക്കാന്‍ പറ്റുന്നതായി തോന്നി എന്ന്‍ ആലോചിക്കുക...എന്ത് പ്രത്യേകത ആണ് നിങ്ങളതില്‍ കണ്ടത് എന്ന്.....അല്ലെങ്കില്‍ ചുറ്റുമുള്ള മറ്റു എലമെന്റുകളില്‍ നിന്നും ആ ഒന്നിനെ ശ്രദ്ദേയമാക്കുന്ന ഘടകം എന്ത്..?"

"ഹൂശേന്‍റപ്പ.....!!"

"കഴിഞ്ഞില്ല... അതിനെ ഇതു രീതിയില്‍ ആ ഫ്രെയിമിനുള്ളില്‍ ക്രമീകരിക്കാന്‍ പറ്റും എന്നും ആലോചിക്കണം..."

"മനസ്സിലായില്ല..."

"അതായത്... ആ ഒരു സബ്ജക്ടിനെ അല്ലെങ്കില്‍ എലമെന്റിനെ ഫ്രെയിമിനുള്ളില്‍ വരുന്ന മറ്റ് എലമെന്‍റുകളുമായി അല്ലെങ്കില്‍ ബാക്ക് ഗ്രൌണ്ട് മായി എങ്ങിനെ ബന്ധപ്പെടുത്താം... എന്ന് നോക്കുക... ഉദാഹരണത്തിനു പ്ലാറ്റ്ഫോമില്‍ കളിക്കുന്ന ഒരു കുട്ടി ആണ് സബ്ജക്റ്റ് എന്ന് കരുതുക. എങ്കില്‍ അതിനെ നോക്കി നില്‍ക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍, അങ്ങിനെയൊക്കെ! ഏറ്റവും  പ്രധാനമായി ആ ഫ്രെയിമിനുള്ളില്‍  ഏതൊക്കെ എലമെന്റ്സ് ഇല്ലായിരുന്നെങ്കില്‍ ആ പടം ഒന്നുകൂടെ ഭംഗിആയേനെ എന്നും ആലോചിക്കണം... കൂട്ടത്തില്‍ ആ സബ്ജക്റ്റില്‍ വീഴുന്ന പ്രകാശം ആ ഫോട്ടോയെ ഏതെങ്കിലും വിധത്തില്‍ നന്നാക്കാന്‍ ഉത്തകുന്നോ അതല്ല ആ പ്രകാശം വേറൊരു ആംഗിളില്‍ ആയിരുന്നോ നന്നാവുക എന്നും കൂടെ..."

"നിര്‍ത്ത്...നിര്‍ത്ത്, അപ്പോഴേക്കും വണ്ടി പുറപ്പെട്ടിട്ടുണ്ടാവും....."

"ആയിക്കോട്ടെ... അപ്പൊ അത് മറക്കാം... അടുത്ത സ്റ്റേഷനില്‍ വീണ്ടും... അങ്ങനെ യാത്രയുടെ അവസാനം വരെ.. അല്ലെങ്കില്‍ മതി എന്ന്‌ തോന്നും വരെ ആവര്‍ത്തിച്ചു കൊണ്ടേ ഇരിക്കുക....."

"ബോറടിക്ക്വോ......?"

"ഇല്ല, എന്ന് മാത്രമല്ല ഫോട്ടോഗ്രാഫിയില്‍ താല്പര്യമുണ്ടെങ്കില്‍ ഏറ്റവും ആസ്വദിച്ച് എത്രനേരം വേണമെങ്കിലും ചെയ്യാന്‍ പറ്റിയ ഒരു സംഭവമാണിത്... ഗ്യാരണ്ടി...!!"

"ശരി... അപ്പൊ സ്റ്റേഷനുകളില്‍ മാത്രം മതിയോ പഠനം...?"

"പോര.. വണ്ടി സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോള്‍ പുറത്ത് കാണുന്ന കാഴ്ചകളും ഇതേപോലെ അപഗ്രഥിച്ചു കൊണ്ടിരിക്കണം. അതിനു ഒന്ന് കൂടെ എകാഗ്ര൦ ആയിരിക്കണം നാം. കാരണം നമുക്ക് പകര്ത്തേണ്ട ഫ്രെയിമിനു തിരശ്ചീനമായി വേഗത്തില്‍ നീങ്ങി കൊണ്ടിരിക്കുകയാണ് വണ്ടി. അപ്പൊ നമ്മളും അതിനനുസരിച്ച് വേഗത്തിലാവണം. നിശ്ചലാവസ്ഥയില്‍ നിന്നുള്ളതിനേക്കാള്‍ ഒരു ഗുണം എന്താണെന്ന് വെച്ചാല്‍ ഒരു സബ്ജക്റ്റ് അല്ലെങ്കില്‍ ഫ്രെയിം തന്നെ പല വ്യൂ പോയിന്റുകളില്‍, മാറി വരുന്ന ലൈറ്റ് ആംഗിളുകളില്‍  കാണാന്‍ പറ്റും വണ്ടി സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോള്‍ എന്നുള്ളതാണ്... അങ്ങിനെ തീവണ്ടി ജനാലയുടെ ചതുരത്തിനുള്ളില്‍ മിന്നി മറയുന്ന  ഗ്രാമാക്കാഴ്ച്ചകളില്‍, നഗര തിരക്കില്‍, പ്ലാറ്റ്ഫോമിലെ ജീവിതങ്ങളില്‍ ഒക്കെ നിന്നും ഒരു ഫോട്ടോഗ്രാഫര്‍ക്ക് വേണ്ടത് പെട്ടെന്ന് കണ്ടെത്താന്‍, അതിന്റെ സാധ്യതകളെ തിരിച്ചറിയാനുള്ള കഴിവ് വളര്‍ത്തിയെടുക്കാന്‍ ഒരു പാടു സഹായകരമാവും ഈ പരിശീലനം..."



"ശരി അപ്പൊ തീവണ്ടി തന്നെ വേണമെന്നില്ല എന്ന് പറഞ്ഞതിന്റെ പൊരുള്‍ ഇപ്പൊ മനസ്സിലായി...."

"അദന്നെ.... ഇതിപ്പോ ഏത് യാത്രയിലും, ചുമ്മാ നടക്കുമ്പോഴും ഒക്കെ ചെയ്യാവുന്നതേ  ഉള്ളൂ... കൂട്ടത്തില്‍ നല്ലത് എന്നെനിക്കു തോന്നിയത് കൊണ്ട് തീവണ്ടിയെ ഉദാഹരണമാക്കി എന്നേയുള്ളൂ... കുറെ ഇതിങ്ങനെ തുടര്‍ന്നാല്‍ നമ്മള്‍ പോലുമറിയാതെ ഒരു ഫോട്ടോഗ്രാഫര്‍ക്ക് വേണ്ട വലിയൊരു ഗുണം നമ്മളില്‍ വളര്‍ന്നു വരും..?"

"അതേത് ഗുണം...?"

"നിരീക്ഷണ പാടവം... കൂട്ടത്തില്‍   മുന്നില്‍ തെളിയുന്ന ഒരു കാഴ്ചയുടെ അല്ലെങ്കില്‍ ഒരു സബ്ജക്റ്റിന്റെ ഫോട്ടോഗ്രാഫിക് വിശദാംശങ്ങള്‍, ഉദാഹരണത്തിന് ലൈറ്റ് ആംഗിള്‍, സ്റ്റ്രക്ച്ചര്‍, ലൈഫ് എലമന്റ്, ഫ്രെയിം ബാലന്‍സിംഗ്, കളര്‍ ബാലന്‍സിംഗ് തുടങ്ങിയവ ഒക്കെ  വളരെ സ്വാഭാവികമായി വേഗത്തില്‍ മനസ്സിലേക്ക് വരാനും ഈ തരത്തിലുള്ള പരിശീലനം വളരെ സഹായകരമാവും...."

"ശരി ഇങ്ങനെ പോകാന്‍ പറ്റിയ റൂട്ടുകള്‍ ഏതേലും...?"

"അങ്ങനെ പ്രത്യേകിച്ചു റൂട്ടുകള്‍ ഒന്നുമില്ല, ഇതേതു റൂട്ടിലും ഓടും... ഞാന്‍ പോയിട്ടുള്ളതില്‍ ഇഷ്ട റൂട്ടുകള്‍, കോഴിക്കോട് - പാലക്കാട്, ഷോര്‍ണൂര്‍ - നിലമ്പൂര്‍, കൊല്ലം - പുനലൂര്‍, ആലപ്പുഴ വഴി തിരുവനന്ത പുരം, മേട്ടുപാളയം - ഊട്ടി, പിന്നെ ജീവിതത്തില്‍ ഒരിക്കലെങ്കിലു നിര്‍ബന്ധമായും സഞ്ചരിചിരിക്കേണ്ണ്ട ഒരു പാത കൂടെ ഉണ്ട്...."

"അതേത് വഴി....?"

"മ ഡ്ഗോവ - ഹോസ്പേട്ട്....പ്രത്യേകിച്ച് മ ഡ്ഗോവ മുതല്‍ റോക്ക് ഫോര്‍ട്ട്‌ സ്റ്റേഷന്‍ വരെയുള്ള യാത്ര... "

"അതിലെന്തോന്നിത്ര രോമാഞ്ചം കൊള്ളാന്‍...?"

"ദൂത് സാഗര്‍ വെള്ളചാട്ടത്തിനരികിലൂടെ കടന്നു പോകുന്ന ആ പാതയിലൂടെയുള്ള യാത്രയെ അവിസ്മരണീയം എന്നേ പറയാനൊക്കൂ..."

"ങേ... ഇപ്പഴാ ഒരു കാര്യം ഓര്‍ത്തേ......"

"എന്താ...?"

"എന്റെ ക്യാമറ കിടുതാപ്പ് കെട്ടു ഭാ‍‌ണ്ഡ൦ ഒക്കെ ഇവിടിരിക്കട്ടെ... നമ്മക്കൊരു അഞ്ചാറു ദിവസം കഴിഞ്ഞു കാണാം..."

"നീ ഇതെവിട പോണു?"

"ഞാന്‍ ഫോട്ടോഗ്രാഫി പഠിക്കാന്‍... ഗോവ വരെ...!"

"അതെന്തിന് അങ്ങോട്ട് തന്നെ പോണു...നമുക്കു തല്ക്കാലം ഇവിടന്നന്നെ തുടങ്ങാം...."

"പോര അങ്ങോട്ട്‌ തന്നെ പോണം... ഗോവയിലെ ബാറുകള്‍ തല്‍ക്കാലം പൂട്ടാന്‍ ഉദേശമില്ലാന്നു അവിടത്തെ മുഖ്യമന്ത്രി പറഞ്ഞൂന്നു ഞാനിന്നലെ പത്രത്തില്‍ വായിച്ചേ  ഉള്ളു...."

"ഹീശ്വരാ... വെളുക്കാന്‍ തേച്ചത് പാണ്ടായോ.......!!!"

  













Thursday, August 21, 2014

പരിമിത സൌകര്യങ്ങളുടെ പ്രസക്തി....!





"അപ്പൊ പറഞ്ഞു വന്നത് ചിംപിംഗ്......!"

"അദന്നെ ... എന്താണത് സംഭവം? എന്താരാണതിന്റെ കൊഴപ്പം?"

"ഇപ്പൊ ഉള്ള ഏതാണ്ടെല്ലാ ഡിജിറ്റല്‍  ക്യാമറകള്‍ക്കും ഒരു ഡിസ്പ്ലേ സ്ക്രീന്‍ ഉണ്ടല്ലോ.. അല്ലെ?"

"ഉണ്ടല്ലോ.... അതില്ലാതെ എടുത്ത ഫോട്ടോ നമ്മളെങ്ങനെ കാണും?"

"ശരി... അപ്പൊ നമ്മളൊരു ഫോട്ടോ എടുക്കുന്നു.... ഉദാഹരണത്തിന് കടപ്പുറത്ത് നിക്കുന്ന ഒരു കുട്ടിയുടെ ഫോട്ടോ ആണെന്ന് കരുതാം.."

"ആ കരുതി..."

"നല്ല വെയിലുള്ള സമയം ആണെന്നും കരുതാം...."

"ശരി.. അതും കരുതി"

"അപ്പൊ നമ്മള്‍ കുട്ടിയെ കടപ്പുറത്ത് നിര്‍ത്തി.... ക്യാമറ നമ്മുടെ സൗകര്യം അനുസരിച്ച് ഓട്ടോ, അപര്‍ച്ചര്‍ പ്രയോറിട്ടി, ഷട്ടര്‍ സ്പീഡ് പ്രയോറിട്ടി, മാനുവല്‍ അല്ലെങ്കില്‍ ഏതെങ്കിലും സീന്‍ മോഡില്‍ ഇടുന്നു.. സബ്ജക്ടിനെ ഫോക്കസ് ചെയ്യുന്നു.. ആവശ്യമെങ്കില്‍ റീ കമ്പോസ് ചെയ്യുന്നു.. ഷട്ടര്‍ മുഴുവന്‍ ഞെക്കുന്നു .. പടം എടുക്കുന്നു..."

"ദിപ്പോ അങ്ങനന്നല്ലേ..എല്ലാരും ഫോട്ടോ എടുക്കുന്നെ.. അിദിനെന്ത് കുഴപ്പം ..ഇതിലെന്തോന്ന്‍ ചിംപിംഗ് ?"

"തോക്കിനകത്തോട്ടു പൊട്ടിക്കല്ലേ... അത് കഴിഞ്ഞാണ് കാര്യം. ഫോട്ടോ എടുത്ത് കഴിഞ്ഞ ഉടന്‍ ക്യാമറയിലുള്ള പ്ലേ ബട്ടണ്‍ ഞെക്കുന്നു. എടുത്ത ഫോട്ടോ ഡിസ്പ്ലേയില്‍ കാണുന്നു."

"അതിനെന്താ...?"

"അപ്പൊ നമ്മള്‍ക്ക് തോന്നുന്നു, ആ കുട്ടി ഇത്തിരി കറത്ത് പോയല്ലോ... എന്ന്‍! ദിപ്പ ശരിയാക്കി തരാം!   നാം  കുട്ടിയോട് അവിടെ തന്നെ നിക്കൂ ന്നു പറയുന്നു. എക്സ്പോഷര്‍ കൂട്ടാന്‍ അഥവാ വെളിച്ചം കൂട്ടാന്‍ ഒന്നുകില്‍ അപര്‍ച്ചര്‍ ഒന്നൂടെ തുറക്കുന്നു.. അല്ലെങ്കില്‍ ഷട്ടര്‍ സ്പീഡ് കുറയ്ക്കുന്നു, അതുമല്ലെങ്കില്‍ എക്സ്പോഷര്‍ കൊമ്പന്‍സിയെഷന്‍ അഡ്ജസ്റ്റ് ചെയ്യുന്നു. പിന്നേം ഫോക്കസ് ചെയ്യുന്നു. ഫോട്ടോ എടുക്കുന്നു. പിന്നേം ഡിസ്പ്ലേ ഞെക്കുന്നു, ഫോട്ടോ കാണുന്നു. 'കൊള്ളാം... ഉഷാറായിക്ക്ണ്'... എന്ന് പറയുന്നു. അടുത്ത പടത്തിന്റെ ലൊക്കേഷന്‍ നോക്കുന്നു."

"അങ്ങനൊക്കാണല്ലോ ഫോട്ടോഗ്രാഫി നാട്ടു നടപ്പ്....!"

"ആദായതുത്തമാ..... , ഓരോപ്രാവശ്യം ഫോട്ടോ എടുക്കുമ്പഴും ഡിസ്പ്ലേ ബട്ടണ്‍ ഞെക്കി എടുത്ത ഫോട്ടോ അപ്പത്തന്നെ കാണാനുള്ള ആ ത്വര, അല്ലെങ്കില്‍ ഇണ്ടല്‍ അല്ലെങ്കില്‍ ടെണ്ടന്‍സി ഉണ്ടല്ലോ.. അദിനെയാണ് ഈ ചിംപിംഗ് എന്ന് പറയുന്നത്... "

"അ: ഇദാണോ കാര്യം...! അദു പിന്നെ അങ്ങനെ നോക്കാതെ എങ്ങനാണോളീ എടുത്ത ഫോട്ടോ ശരിക്ക് പതിഞ്ഞിട്ടുണ്ടോ എന്നറിയാ?"

"അപ്പൊ ഞാന്‍ നടെ പറഞ്ഞ അമ്മാവന്‍ സിണ്ട്രോം പുറത്തെടുക്കും... ഈ ഡിജിറ്റല്‍ ഡിസ്പ്ലേ വരുന്നതിനും മുന്നേ ഫോട്ടോ എടുത്തവരോ..? അവരാരും പിള്ളാരെ കടപ്പുറത്ത് നിര്‍ത്തി ഫോട്ടോ എടുത്തിട്ടില്ലേ... ?"

"ഉണ്ടാവാം... ഒന്ന് രണ്ടു പ്രാവശ്യം അബദ്ധം പറ്റിയാ പിന്നെ അവര്‍ക്കതോര്‍മ്മയുണ്ടായിക്കോളും..."

"അദ്ദാണ് പോയന്റ്... വേറെ നിവൃത്തി ഇല്ലാത്തതോണ്ട് അന്നുള്ളവര്‍ മനസ്സില്‍ കുറിച്ചു വച്ചിരുന്ന ചില പാഠങ്ങള്‍... അതാണ്‌ നാം മിസ്സ്‌ ചെയ്യുന്നത്. ക്യാമറ കൊണ്ട് ഫോട്ടോ എടുക്കും മുന്നേ, മനസ്സില്‍ ആ ഫോട്ടോ നാം എടുത്തിരിക്കണം എന്ന വലിയൊരു പാഠം ഇവിടെ നാം മറക്കുന്നു."

"വിശദമാക്കേണ്ടി വരും"

"ഈ കടപ്പുറം കുട്ടി ഉദാഹരണത്തില്‍ തന്നെ ഒബ്ജെക്റ്റ് അണ്ടര്‍ എക്സ്പോസ് ആയിപോയാല്‍ എന്ത് ചെയ്യണം എന്ന് നമുക്ക് അറിയാം. പക്ഷെ എന്ത് കൊണ്ട് അതങ്ങിനെ ആയി എന്ന് ചിന്തിക്കാന്‍ നാം മെനക്കെടുന്നില്ല. കാരണം അതങ്ങിനെ ആയാല്‍ അപ്പൊ തന്നെ നമുക്കറിയാന്‍ പറ്റും.  പരിഹരിക്കാനും പറ്റും. നേരെ മറിച്ച് അങ്ങിനെ ഒരു സൗകര്യം ഇല്ലായിരുന്നെങ്കിലോ..? ഷട്ടര്‍ റിലീസ് ബട്ടണ്‍ ഞെക്കും മുന്നേ നമ്മള്‍  ഒന്നാലോചിക്കും. സബ്ജക്ടും അതിന്റെ ബാക്ക് ഗ്രൌണ്ടും അപഗ്രഥിച്ചു നോക്കും. ഈ ഉദാഹരണത്തിലാണെങ്കില്‍ നമ്മുടെ ഫ്രെയിമിന്റെ വളരെ ചെറിയൊരു ഭാഗത്തിലെ ആ കുട്ടി വരുന്നുള്ളൂ എന്നും, വെള്ളമോ അല്ലെങ്കില്‍ വെളുത്ത പൂഴിയോ ആവും പശ്ചാത്തലത്തില്‍ എന്നുള്ളതിനാല്‍, അവയില്‍ നിന്നും റിഫ്ലക്റ്റ് ചെയ്യപ്പെടുന്ന പ്രകാശം സബ്ജക്ടില്‍ നിന്നു വരുന്നതിനേക്കാള്‍ കൂടുതലായിരിക്കും എന്നും, ആയതിനാല്‍ തന്നെ കുട്ടി അണ്ടര്‍ എക്സ്പോസ് ആയിപ്പോകും എന്നും ഫോട്ടോഗ്രാഫര്‍ ആദ്യം തന്നെ ചിന്തിക്കും. അതിനനുസരിച്ച് ക്യാമറ സെറ്റിംഗ്സ് മാറ്റുകയും ചെയ്യും."

"ശരി സമ്മതിച്ചു... പക്ഷെ ക്യാമറയില്‍ അങ്ങനൊരു സൌകര്യം ഉണ്ടെന്നിരിക്കെ, അതുപയോഗപ്പെടുത്തുന്നതില്‍ എന്ത് കുഴപ്പം.? എങ്ങനായാലും പടം നന്നായാല്‍ പോരെ?"

"സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍ കുഴപ്പം ഒന്നുമില്ല.. അമിതമായി അവയെ ആശ്രയിക്കുന്നതാണ് പ്രശ്നം"

"അതിനു ഇതിലിപ്പോ എന്ത് പ്രശ്നമിരിക്കുന്നു, അതിനുമ്മാത്രം?"

"പറയാം.. ഈ ഉദാഹരണത്തില്‍ നമ്മുടെ കുട്ടി, നമ്മുടെ ക്യാമറ, നമുക്ക്  സൌകര്യമുള്ള സമയം... അങ്ങനാണല്ലോ?"

"അതെ.."

"അതെല്ലായ്പോഴും അങ്ങനായിക്കൊളളണം എന്നില്ലല്ലോ... ഫോട്ടോഗ്രാഫിയില്‍ സബ്ജക്ടോ, പശ്ചാത്തലമോ, സമയം തന്നെയുമോ മിക്കപ്പോഴും ഫോട്ടോഗ്രാഫറുടെ നിയന്ത്രണത്തില്‍ ആയിരിക്കില്ല. അങ്ങിനെ വരുമ്പോള്‍ അയാളുടെ മുന്നിലുള്ള സാഹചര്യങ്ങള്‍ക്കനുസരിച്ച് പെട്ടെന്ന്‍ പ്രതികരിക്കാനുള്ള ഒരു കഴിവ് ഒരു ഫോട്ടോഗ്രാഫര്‍ക്ക് അത്യാവശ്യമാണെന്ന്‍ വരുന്നു. അത് നിരന്തരമായ പഠനത്തിലൂടെയും  പ്രാക്റ്റീസിലൂടെയും മാത്രമേ നേടിയെടുക്കാന്‍ കഴിയൂ. ആ ഒരു പരിശ്രമത്തിനുള്ള മനസ്സാണ് ഇതിന്റെ അമിതോപയോഗത്തിലൂടെ നാം നഷ്ടപ്പെടുത്തുന്നത്."


"നേരത്തെ നാം പറഞ്ഞ കുട്ടിയുടെ സ്ഥാനത്ത് പറന്നു വരുന്ന ഒരു പക്ഷിയാണെന്ന് സങ്കല്പിക്കൂ.. ആ  പക്ഷിയെ കാണുന്ന മാത്രയില്‍ അതിനെ ഫോട്ടോ എടുക്കാന്‍ തയ്യാറെടുക്കുന്ന ഒരു ഫോട്ടോഗ്രാഫര്‍ എന്തൊക്കെ ചിന്തിക്കണം?"

"പറ..."

"ആ പറന്നു വരുന്ന പക്ഷി  സാമാന്യ൦ നല്ല വേഗതയുള്ള ഒരു ചലിക്കുന്ന സംഗതിയാണ്.. ആയതിനാല്‍ ക്യാമറ burst mod ഇല്‍ ഇടണം .. ഫോക്കസിംഗ് മോഡ് കണ്ടിന്യൂസ് ആവണം... ഉയര്‍ന്ന ഷട്ടര്‍സ്പീഡ് ഉപയോഗിക്കണം. ഇതിനെല്ലാമുപരി ആ പക്ഷിയുടെ പശ്ചാത്തലം ആകാശമാണെങ്കില്‍, ബാക്ക് ഗ്രൗണ്ടില്‍ നിന്നും വരുന്ന പ്രകാശം പക്ഷിയില്‍ നിന്നും വരുന്നതിനേക്കാള്‍ കൂടുതലാവുമെന്നും, ആയത് കൊണ്ട് ടിയാള്‍  അണ്ടര്‍ എക്സ്പോസ് ആയിപോവാന്‍ സാധ്യത ഉണ്ടെന്നും, അതൊഴിവാക്കണമെങ്കില്‍ ക്യാമറയുടെ നോര്‍മല്‍ റീഡിംഗിനെക്കാള്‍ ചുരുങ്ങിയത് ഒരു രണ്ടു സ്റ്റോപ്പ്‌ എങ്കിലും ഓവര്‍ എക്സ്പോസ് ചെയ്യണം എന്നുമൊക്കെ, ആവശ്യം വരുമ്പോള്‍ എടുത്തുപയോഗിക്കാന്‍ പാകത്തില്‍  അയാളുടെ തലക്കകത്ത് ഉണ്ടായിരിക്കണം. "

"അദ്ദു പോയിന്റ്...!"   

"അല്ലാതെ തോന്നിയ സെറ്റ് അപ്പില്‍ ഫോട്ടോ എടുത്ത് ഡിസ്പ്ലേ ബട്ടണ്‍ ഞെക്കിനോക്കി... "സ്വാറി പക്ഷീ... പടം പതിഞ്ഞില്ല... ഞാനെന്‍റെ ഷട്ടര്‍ സ്പീഡ് ഒന്ന് കൂട്ടട്ടെ... ഒന്നൂടെ പറന്നു വരൂ..പ്ലീസ്".... എന്ന് പറയാന്‍ പറ്റ്വോ....! വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി, സ്ട്രീറ്റ് ഫോട്ടോഗ്രാഫി, ന്യൂസ് ഫോട്ടോഗ്രാഫി തുടങ്ങിയ മേഖലകളിലെല്ലാം കഴിവ് തെളിയിക്കണമെങ്കില്‍ ഈ ഒരു അപഗ്രഥന പാടവ൦, അതും വളരെ സ്വാഭാവികമായി, ഞൊടിയിടയില്‍ ഉപയോഗപ്പെടുത്താന്‍ പറ്റിയിരിക്കണം. അങ്ങനെ  എങ്കില്‍ അത്യാവശ്യം അതിനായി നാം മെനക്കെടാന്‍ തയ്യാറായേ  പറ്റൂ..."

"ശരി മെനക്കെടാന്‍ ഇതാ തയ്യാര്‍... വഴി കൂടെ പറ..."

"ഒരു ചെറിയ ഉദാഹരണം കൂടെ... തുടക്കത്തിലേ തന്നെ മനക്കണക്കില്‍ കൂട്ടലും കുറയ്ക്കലും അത്യാവശ്യ൦ ഗുണനവും ഹരണവും ഒക്കെ ചെയ്തു ശീലിച്ച ഒരാള്‍ക്ക്, പിന്നീട് കാല്കുലേറ്റര്‍ ഉപയോഗിച്ച് ഇവയൊക്കെ ചെയ്താലും, ആ പഴയ മനക്കണക്കിനുള്ള കഴിവ് നശിച്ചു പോകുന്നില്ല. എന്നാല്‍ തുടക്കത്തിലെ തന്നെ കാല്‍കുലേറ്റര്‍ ഉപയോഗിച്ച് ശീലിക്കുന്ന ഒരുകുട്ടിക്ക് മനസ്സില്‍ ക്രിയകള്‍ ചെയ്യുക എന്നത് അത്ര എളുപ്പമായിരിക്കുകയുമില്ല"
.. "

"ങ്ങള് ഉദാഹരണം പറഞ്ഞു കളിക്കാതെ കാര്യം പറ കോയാ...!"

"അപ്പൊ പിച്ച വെക്കാന്‍ തുടങ്ങുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്കുള്ള ആദ്യത്തെ പരിശീലന ക്കളരി ചുവടുകള്‍..!"

"...ഉം..പോരട്ടെ.."

"സൌകര്യങ്ങള്‍ മറക്കുക..."

"ന്തോന്നാ...?"

"ലിമിറ്റ് യുവര്‍ റിസോഴ്സസ്...."

"അതിന്റെ ഇംഗ്ലീഷല്ല ചോദിച്ചത്... എങ്ങനെ, അത് പറ...."

"അതായത് ചുവട് ഒന്ന്... നാലാലൊരു നിവൃത്തി ഉണ്ടെങ്കില്‍ പരിശീലനത്തിനായി ഫോട്ടോ എടുക്കുമ്പോള്‍ സൂം ലെന്‍സുകള്‍ ഒഴിവാക്കുക. ലഭ്യമാണെങ്കില്‍ ഒരു ഫിക്സഡ് ഫോക്കസ് ലെങ്ങ്ത് ഉള്ള ലെന്‍സ്‌ ഉപയോഗിക്കുക.  നിങ്ങളുടെ കാലുകളാണ് ലോകത്തിലെ ഏറ്റവും  നല്ല സൂം ലെന്‍സ്‌ എന്ന തത്ത്വം മുറുകെ പിടിക്കുക."

"ഗുണം...?"

"ഉപയോഗിക്കാന്‍ പറ്റിയ ഫോക്കസ് ലെങ്ങ്തിന്റെ പരിമിതിയില്‍ നിന്നു കൊണ്ട് ഒരു  ഫ്രെയിമിലെ എലമെന്റുകളെ എങ്ങിനെ ഭംഗിയായി ക്രമീകരിക്കാം. അതാണ്‌ പാഠം.."

"പിന്നെ..?"

"ഒരു കഷ്ണം പേപ്പര്‍ അല്ലെങ്കില്‍ കാര്‍ഡ് വേചൊട്ടിച് ക്യാമറയുടെ ഡിസ്പ്ലേ സ്ക്രീന്‍ മറയ്ക്കുക..."

"അതെന്തിന് ആ പൊല്ലാപ്പ്, അതിലോട്ട് നോക്കാതിരുന്നാ പോരെ?......"

"നടക്കൂല്ല..."

"അദെന്ത്....?"

"ഘോര ഘോരം തപസ്സ് ചെയ്യുമ്പോള്‍ മുന്നില്‍ വന്നു നൃത്തമാടിയ  മഹിളാമണി മേനകയെ കണ്ടപ്പോ ശ്രീമാന്‍ വിശ്വാമിത്രനുണ്ടായ ആ ഭീകര ത്വര അല്ലെങ്കില്‍ റ്റെ൦പ്റ്റെഷന്‍ ഉണ്ടല്ലോ.. അതിനേക്കാള്‍ വലിയ ഒരിതാണ് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഡിസ്പ്ലേ സ്ക്രീനിനോട്...! അത് കൊണ്ട് അത് മറച്ചേ പറ്റൂ..."

"ശരി മറയ്ക്കാം..."

"കാമറ മാനുവല്‍ മോഡില്‍ സെറ്റ് ചെയ്യുക...പറ്റുമെങ്കില്‍ റോ ഫോര്‍മാറ്റില്‍ ഷൂട്ട്‌ ചെയ്യുക. ഏറ്റവും പ്രധാനമായി എടുക്കുന്ന ഫോട്ടോകളുടെ എണ്ണം പരിമിതപ്പെടുത്തുക."

"മനസ്സിലായില്ല..."

"ഉദാഹരണത്തിന് ഈ സെഷനില്‍ ഞാന്‍ പത്ത് ഫോട്ടോ മാത്രമേ എടുക്കുന്നുള്ളൂ എന്ന് മുന്‍കൂട്ടി തീരുമാനിക്കുക.. ആ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുക..."

"അതെന്തിന്? ഇങ്ങനെ ചക ചകാന്നു ഫോട്ടോ എടുത്തു തള്ളുക എന്നതല്ലേ അതിന്റെ ഒരു സുഖം?"

"ആ സുഖം തല്‍ക്കാലം വേണ്ട... അങ്ങനെ പരിമിതമായ ഷോട്ടുകളെ ഉള്ളൂ എന്ന ബോധമുണ്ടെങ്കില്‍ ഒരു ഫ്രെയിം തന്നെ വത്യസ്ഥ സെറ്റി൦ഗ്സുകളില്‍ എടുക്കുന്നതിനു പകരം നല്ലതെന്ന് തോന്നുന്ന ഒരു ഫോട്ടോ മാത്രം നാം എടുത്തു തുടങ്ങും."

"എന്നിട്ട്...?"

"ആ സെഷന്‍ കഴിഞ്ഞാ ഇമേജുകള്‍ ഡൌണ്‍ലോഡ് ചെയ്യുക. അപഗ്രഥിക്കുക. ഇനിയും എങ്ങനെ ഒക്കെ നന്നാക്കാന്‍ കഴിയും എന്നാലോചിക്കുക. സമാനമായ നല്ല ചിത്രങ്ങള്‍ എവിടെയെങ്കിലും കണ്ടതായി ഓര്‍മ്മയുണ്ടെങ്കില്‍ അതുമായി താരതമ്യം ചെയ്തു നോക്കുക.... പറ്റുമെങ്കില്‍ അതേ സബ്ജക്ടിനെ പുതിയ വെളിപാടുകളുടെ വെളിച്ചത്തില്‍ ഒന്ന് കൂടെ ഫോട്ടോ എടുത്തു നോക്കുക. അങ്ങനെ പാഠങ്ങള്‍ ഉള്‍ക്കൊള്ളുക...  അദന്നെ...."

"ന്നാ ഞാനിപ്പ വരാട്ടോ... "

"എബ്ടെക്കാണാവോ...?"

"അല്ല... ഫോട്ടോ എടുത്ത് പഠിക്കാന്‍..."

"ആ.. അങ്ങിനെ..!"

"അല്ലാ.. ആ മറ്റേ കാര്യം പറഞ്ഞില്ലല്ലോ....?"

"അതേതു കാര്യം....?"

"ഫോട്ടോഗ്രാഫി പഠനത്തില്‍ തീവണ്ടി കയറുന്ന കാര്യം...!"

"ഓഹ്..അതോ... അത് അടുത്ത പ്രാവശ്യം...."

"ന്നാ.... ഓക്കെ..."

  















Friday, May 02, 2008

പൂരത്തിനു കണ്ടത്!












പൂരം കഴിഞ്ഞിട്ട് നാളെത്രയായ്!!!...എന്നാലും കിടക്കട്ടെ.


Monday, April 28, 2008

ബ്ലോഗ് ശില്പശാല (ചിത്രങ്ങള്‍ മാത്രം)

സദസ്സ്
ഇടത്തുനിന്നും രണ്ടാമതിരിക്കുന്നത് അരീക്കോടന്‍

ഏറനാടന്‍ & കെ.പി. സുകുമാരന്‍
കാമറയില്‍ നോക്കിയിരിക്കുന്നത് സുനില്‍! തുടര്‍ന്ന് ആദര്‍ശ്, വിശ്വപ്രഭ. വിശ്വപ്രഭയ്ക്കു പിന്നില്‍ ബെര്‍ളി തോമസ്.

വേദിയില്‍
മലയാളം വിക്കി പീഡിയയെ പറ്റി സംസാരിക്കുന്നത് വിശ്വപ്രഭ


തന്റെ ബ്ളോഗ് അനുഭവങ്ങള്‍ പങ്കു വെയ്ക്കുന്നത് മൈന ഉമൈബാന്‍

ബ്ളോഗ് എന്ന മാദ്ധ്യമത്തിന്റെ അനന്തമായ ഭാവി ഫലം പ്രവചിക്കുന്നത് ആദര്‍ശ്‌

ഓഡിയൊ ബ്ളോഗ് അഥവാ പോഡ്കാസ്റ്റിങ്ങിനെ കുറിച്ച് ഡി. പ്രദീപ് കുമാര്‍ (തൃശ്ശൂര്‍ ആകാശവാണി)


നവ ബ്ളോഗര്‍മാര്ക്ക് വഴി കാട്ടിയായി ബ്ളോഗ് എങ്ങിനെ തുടങ്ങാം എന്നു വിശദീകരിക്കുന്നത് കണ്ണൂരാന്‍

ബ്ളോഗാരംഭം ബ്ളോഗൊന്ന് തുടങ്ങണമല്ലോ....!! ബ്ളോഗാരംഭത്തിന്- തിരക്കു കൂട്ടുന്ന നവ ബ്ളോഗര്‍മാര്‍

കോഴിക്കോട്ടെ ആദ്യവനിതാ ഓട്ടോ ഡ്രൈവര്‍ ജഫ്രി ബ്ളോഗാരംഭം കുറിക്കുന്നു. അരിയോ മണലോ കിട്ടാനില്ലാഞ്ഞിട്ട് മൌസ് പാഡില്‍ ഹരി ശ്രീ എഴുതിക്കൊടുക്കുന്നത് കണ്ണൂരാന്‍

സംശയങ്ങള്‍.....സംശയങ്ങള്‍!!

പുതു നാമ്പുകളുടെ സംശയങ്ങള്‍ക്ക് നടുവില്‍ ഡി. പ്രദീപ് കുമാര്‍

ചോദ്യശരങ്ങളുമായി ആദര്ശിനെ ഘരാവോ ചെയ്യുന്നവര്‍

ബ്ളോഗിങ്ങ് ഉല്‍ബോധനം നടത്തുന്നത് മൈന ഉമൈബാന്‍


അശ്വമുഖത്തു നിന്നും നേരിട്ട്........പുതു ബ്ളോഗര്‍മാര്‍ക്കിടയില്‍ വിശ്വപ്രഭ
മീഡിയ

മനോരമ ന്യൂസിന്റെ കാമറയ്ക്കു മുന്നില്‍ ഏറനാടന്‍

പ്രതികരിക്കാന്‍ വേണ്ടി......ജഫ്രി!

"ചുമ്മാ കാമറയും തൂക്കി ഇങ്ങനെ നടക്കാതെ ഇയ്യാക്കൊരു ബ്ളോഗ് തുടങ്ങിക്കൂടെ?" മനോരമ ന്യൂസ് കാമറമാനോട് വിശ്വപ്രഭ

ഈ മഹത് സംരംഭത്തിനു വേണ്ടി കഷ്ടപ്പെട്ടവരെ എല്ലാവരെയും ഉള്ക്കൊള്ളിക്കാന്‍ കഴിഞ്ഞിട്ടില്ല. മനപൂര്‍വമല്ല. പലരെയും അറിയില്ലായിരുന്നു. ശില്പശാല വിജയമാക്കിത്തീര്‍ത്ത എല്ലാവര്‍ക്കും അഭിനനന്ദനങ്ങള്‍!!!

Wednesday, March 26, 2008

ഹം‌പിയിലെ ജീവിതങ്ങള്‍....!!

1336 എ.ഡി മുതല്‍ 1565 ഏ.ഡി വരെ ഡക്കാന്‍ പീഠ ഭൂമിക്കിപ്പുറം തെക്കേ ഇന്ത്യ മുഴുവന്‍ അടക്കി ഭരിച്ച വിജയനഗര ചക്രവര്‍ത്തിമാരുടെ തലസ്ഥാന നഗരിയായിരുന്നു തുംഗഭദ്രാ നദിയുടെ പുത്രിയായ ഹം‌പി. ഒരു പക്ഷേ ലോകത്തിലെ തന്നെ ഏറ്റവും സമ്പല്‍ സമൃദ്ധമായിരുന്ന ഒരു സാമ്രാജ്യത്തിന്റെ ആസ്ഥാനം! 1565 ല്‍ നടന്ന തളിക്കോട്ട യുദ്ധത്തില്‍ വിജയനഗരം പരാജയപ്പെട്ടതോടെ ഹം‌പിയിലേക്ക് ഇരച്ചു കയറിയ അധിനിവേശക്കാര്‍ പ്രൌ‍ഡോജ്വലമായിരുന്ന ആ നഗരം സമൂലം തച്ചു തകര്‍ത്തു കളഞ്ഞു. 1986 ല്‍ യുനെസ്കോ ലോകപൈതൃകങ്ങളില്‍ ഒന്നായി പ്രഖ്യാപിച്ച ഹമ്പി ഇപ്പോള്‍ സഞ്ചാരികളുടെ ഒരു സ്വപ്ന ഭൂമിയാ‍ണ്. ഹംപിയിലെ ദൈനം ദിന ജീവിതത്തില്‍ നിന്ന്........

നിറമാര്‍ന്ന സ്വപ്നങ്ങള്‍ വില്‍ക്കുന്നവള്‍.......

വിരൂപാക്ഷന്റെ അമ്പലത്തിലെ ആനയ്ക്ക് നിവേദിക്കാന്‍ പഴം വാങ്ങാനെത്തുന്ന സഞ്ചാരികളേയും കാത്ത്..


വീട്ടുകാരന്‍ പൈതലും വിരുന്നുവന്ന കുരുന്നും....!!

ഇതൊന്നു കഴുകീട്ട് വേണം അമ്പലത്തില്‍ നട തുറക്കാന്‍.......!!


ഇതൊന്നു തീര്‍ക്കട്ടെ മാഷേ..എന്നിട്ട് തുടങ്ങാം യാത്ര.... (തുംഗ ഭദ്രയുടെ കടത്തുകാരന്‍)

വിദേശ സഞ്ചാരികളുടെ കുത്തൊഴുക്കിലും ഗ്രാമീണതയുടെ തനിമ നഷ്ടമാവാതെ സൂക്ഷിക്കുന്നു ഹം‌പി.....

താളം തെറ്റിയ ഒരു ജീവിതം....


നീരാട്ടും കഴിഞ്ഞ്....(വിരൂപാക്ഷന്റെ ആന)

സന്ധ്യ മയങ്ങും നേരം.....!(ഹേമകുടാ കുന്നില്‍ അസ്തമയം ആസ്വദിക്കുന്ന സഞ്ചാരികള്‍)

Sunday, December 30, 2007

യിതേതു ചെല്ലക്കിളി...കൈപ്പള്ളീ?!!

എന്റെ ഈ പക്ഷി നിരീക്ഷണങ്ങള്‍:-

ചെറീ...യ കിളി, തലമ്മല്‍ കറുപ്പ് നിറം..പിന്നൊരു വെളുത്ത പുള്ളീം! ആകെ മൊത്തം ടോട്ടല് ചാരന്‍ അതായത് ചാരനിറക്കാരന്‍..ആസ്ഥാന മര്‍മ്മം ഇലകളാല്‍ മറഞ്ഞത് കൊണ്ട് ആണോ പെണ്ണോ എന്നറിയാന്‍ വകുപ്പില്ല....(അവിടെ അതിനു വകുപ്പുണ്ടോന്നും ഉറപ്പില്ല!!!)...മരത്തിലോ നിലത്തോ നില്‍ക്കും, അവിടെയൊന്നും കണ്ടില്ലെങ്കില്‍ ആകാശത്തു പറക്കുകയാണെന്ന് ഊഹിക്കാം...മരക്കൊമ്പില്‍ ചുറ്റിപ്പിടിക്കാന്‍ കാലുകള്‍ ഉപയോഗിക്കുന്നു. (ഫോട്ടം ശരിക്കും നോക്കുക) പറക്കാന്‍ ചിറകുകളും. വെറ്ക്കനെ ഒച്ച ഉണ്ടാക്കി ക്കൊണ്ടേ യിരിക്കും....(അപ്പാ ഈ വിവരങ്ങള്‍ കിട്ടാന്‍ പെട്ട പാട്!!) പക്ഷേ പേരു മാത്രം കിട്ടിയില്ല...യിതേതു ചെല്ലക്കിളി കൈപ്പള്ളീ...!!?

(കടപ്പാ‍ട് : അപ്പൂസ്...ഒരു പൊടിക്ക് ആഷ)
സ്ഥലം : അല്‍ ഖോര്‍ ഗാര്‍ഡന്‍സ്
യന്ത്രം : കാ‍നോണ്‍ പവര്‍ഷോട് എസ് അഞ്ച്....ഐ. എസ്
മാക്രോ മോഡ്...സ്പോട് മീറ്ററിംഗ്....അദൊക്കെ തന്നെ ബാക്കി!!!

എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍!!!

Friday, December 28, 2007

ഈ ചിരി മതിയെഡേയ്‌...എട്‌ പടം!!

ഡെയ്‌ ഇത്രേം ചിരിക്കാനേ പറ്റൂ..എടുത്തേച്ചും പോഡേയ്‌...!!