"അപ്പൊ പറഞ്ഞു വന്നത് ചിംപിംഗ്......!"
"അദന്നെ ... എന്താണത് സംഭവം? എന്താരാണതിന്റെ കൊഴപ്പം?"
"ഇപ്പൊ ഉള്ള ഏതാണ്ടെല്ലാ ഡിജിറ്റല്‍ ക്യാമറകള്‍ക്കും ഒരു ഡിസ്പ്ലേ സ്ക്രീന്‍ ഉണ്ടല്ലോ.. അല്ലെ?"
"ഉണ്ടല്ലോ.... അതില്ലാതെ എടുത്ത ഫോട്ടോ നമ്മളെങ്ങനെ കാണും?"
"ശരി... അപ്പൊ നമ്മളൊരു ഫോട്ടോ എടുക്കുന്നു.... ഉദാഹരണത്തിന് കടപ്പുറത്ത് നിക്കുന്ന ഒരു കുട്ടിയുടെ ഫോട്ടോ ആണെന്ന് കരുതാം.."
"ആ കരുതി..."
"നല്ല വെയിലുള്ള സമയം ആണെന്നും കരുതാം...."
"ശരി.. അതും കരുതി"
"അപ്പൊ നമ്മള്‍ കുട്ടിയെ കടപ്പുറത്ത് നിര്‍ത്തി.... ക്യാമറ നമ്മുടെ സൗകര്യം അനുസരിച്ച് ഓട്ടോ, അപര്‍ച്ചര്‍ പ്രയോറിട്ടി, ഷട്ടര്‍ സ്പീഡ് പ്രയോറിട്ടി, മാനുവല്‍ അല്ലെങ്കില്‍ ഏതെങ്കിലും സീന്‍ മോഡില്‍ ഇടുന്നു.. സബ്ജക്ടിനെ ഫോക്കസ് ചെയ്യുന്നു.. ആവശ്യമെങ്കില്‍ റീ കമ്പോസ് ചെയ്യുന്നു.. ഷട്ടര്‍ മുഴുവന്‍ ഞെക്കുന്നു .. പടം എടുക്കുന്നു..."
"ദിപ്പോ അങ്ങനന്നല്ലേ..എല്ലാരും ഫോട്ടോ എടുക്കുന്നെ.. അിദിനെന്ത് കുഴപ്പം ..ഇതിലെന്തോന്ന്‍ ചിംപിംഗ് ?"
"തോക്കിനകത്തോട്ടു പൊട്ടിക്കല്ലേ... അത് കഴിഞ്ഞാണ് കാര്യം. ഫോട്ടോ എടുത്ത് കഴിഞ്ഞ ഉടന്‍ ക്യാമറയിലുള്ള പ്ലേ ബട്ടണ്‍ ഞെക്കുന്നു. എടുത്ത ഫോട്ടോ ഡിസ്പ്ലേയില്‍ കാണുന്നു."
"അതിനെന്താ...?"
"അപ്പൊ നമ്മള്‍ക്ക് തോന്നുന്നു, ആ കുട്ടി ഇത്തിരി കറത്ത് പോയല്ലോ... എന്ന്‍! ദിപ്പ ശരിയാക്കി തരാം! നാം കുട്ടിയോട് അവിടെ തന്നെ നിക്കൂ ന്നു പറയുന്നു. എക്സ്പോഷര്‍ കൂട്ടാന്‍ അഥവാ വെളിച്ചം കൂട്ടാന്‍ ഒന്നുകില്‍ അപര്‍ച്ചര്‍ ഒന്നൂടെ തുറക്കുന്നു.. അല്ലെങ്കില്‍ ഷട്ടര്‍ സ്പീഡ് കുറയ്ക്കുന്നു, അതുമല്ലെങ്കില്‍ എക്സ്പോഷര്‍ കൊമ്പന്‍സിയെഷന്‍ അഡ്ജസ്റ്റ് ചെയ്യുന്നു. പിന്നേം ഫോക്കസ് ചെയ്യുന്നു. ഫോട്ടോ എടുക്കുന്നു. പിന്നേം ഡിസ്പ്ലേ ഞെക്കുന്നു, ഫോട്ടോ കാണുന്നു. 'കൊള്ളാം... ഉഷാറായിക്ക്ണ്'... എന്ന് പറയുന്നു. അടുത്ത പടത്തിന്റെ ലൊക്കേഷന്‍ നോക്കുന്നു."
"അങ്ങനൊക്കാണല്ലോ ഫോട്ടോഗ്രാഫി നാട്ടു നടപ്പ്....!"
"ആദായതുത്തമാ..... , ഓരോപ്രാവശ്യം ഫോട്ടോ എടുക്കുമ്പഴും ഡിസ്പ്ലേ ബട്ടണ്‍ ഞെക്കി എടുത്ത ഫോട്ടോ അപ്പത്തന്നെ കാണാനുള്ള ആ ത്വര, അല്ലെങ്കില്‍ ഇണ്ടല്‍ അല്ലെങ്കില്‍ ടെണ്ടന്‍സി ഉണ്ടല്ലോ.. അദിനെയാണ് ഈ ചിംപിംഗ് എന്ന് പറയുന്നത്... "
"അ: ഇദാണോ കാര്യം...! അദു പിന്നെ അങ്ങനെ നോക്കാതെ എങ്ങനാണോളീ എടുത്ത ഫോട്ടോ ശരിക്ക് പതിഞ്ഞിട്ടുണ്ടോ എന്നറിയാ?"
"അപ്പൊ ഞാന്‍ നടെ പറഞ്ഞ അമ്മാവന്‍ സിണ്ട്രോം പുറത്തെടുക്കും... ഈ ഡിജിറ്റല്‍ ഡിസ്പ്ലേ വരുന്നതിനും മുന്നേ ഫോട്ടോ എടുത്തവരോ..? അവരാരും പിള്ളാരെ കടപ്പുറത്ത് നിര്‍ത്തി ഫോട്ടോ എടുത്തിട്ടില്ലേ... ?"
"ഉണ്ടാവാം... ഒന്ന് രണ്ടു പ്രാവശ്യം അബദ്ധം പറ്റിയാ പിന്നെ അവര്‍ക്കതോര്‍മ്മയുണ്ടായിക്കോളും..."
"അദ്ദാണ് പോയന്റ്... വേറെ നിവൃത്തി ഇല്ലാത്തതോണ്ട് അന്നുള്ളവര്‍ മനസ്സില്‍ കുറിച്ചു വച്ചിരുന്ന ചില പാഠങ്ങള്‍... അതാണ് നാം മിസ്സ് ചെയ്യുന്നത്. ക്യാമറ കൊണ്ട് ഫോട്ടോ എടുക്കും മുന്നേ, മനസ്സില്‍ ആ ഫോട്ടോ നാം എടുത്തിരിക്കണം എന്ന വലിയൊരു പാഠം ഇവിടെ നാം മറക്കുന്നു."
"വിശദമാക്കേണ്ടി വരും"
"ഈ കടപ്പുറം കുട്ടി ഉദാഹരണത്തില്‍ തന്നെ ഒബ്ജെക്റ്റ് അണ്ടര്‍ എക്സ്പോസ് ആയിപോയാല്‍ എന്ത് ചെയ്യണം എന്ന് നമുക്ക് അറിയാം. പക്ഷെ എന്ത് കൊണ്ട് അതങ്ങിനെ ആയി എന്ന് ചിന്തിക്കാന്‍ നാം മെനക്കെടുന്നില്ല. കാരണം അതങ്ങിനെ ആയാല്‍ അപ്പൊ തന്നെ നമുക്കറിയാന്‍ പറ്റും. പരിഹരിക്കാനും പറ്റും. നേരെ മറിച്ച് അങ്ങിനെ ഒരു സൗകര്യം ഇല്ലായിരുന്നെങ്കിലോ..? ഷട്ടര്‍ റിലീസ് ബട്ടണ്‍ ഞെക്കും മുന്നേ നമ്മള്‍ ഒന്നാലോചിക്കും. സബ്ജക്ടും അതിന്റെ ബാക്ക് ഗ്രൌണ്ടും അപഗ്രഥിച്ചു നോക്കും. ഈ ഉദാഹരണത്തിലാണെങ്കില്‍ നമ്മുടെ ഫ്രെയിമിന്റെ വളരെ ചെറിയൊരു ഭാഗത്തിലെ ആ കുട്ടി വരുന്നുള്ളൂ എന്നും, വെള്ളമോ അല്ലെങ്കില്‍ വെളുത്ത പൂഴിയോ ആവും പശ്ചാത്തലത്തില്‍ എന്നുള്ളതിനാല്‍, അവയില്‍ നിന്നും റിഫ്ലക്റ്റ് ചെയ്യപ്പെടുന്ന പ്രകാശം സബ്ജക്ടില്‍ നിന്നു വരുന്നതിനേക്കാള്‍ കൂടുതലായിരിക്കും എന്നും, ആയതിനാല്‍ തന്നെ കുട്ടി അണ്ടര്‍ എക്സ്പോസ് ആയിപ്പോകും എന്നും ഫോട്ടോഗ്രാഫര്‍ ആദ്യം തന്നെ ചിന്തിക്കും. അതിനനുസരിച്ച് ക്യാമറ സെറ്റിംഗ്സ് മാറ്റുകയും ചെയ്യും."
"ശരി സമ്മതിച്ചു... പക്ഷെ ക്യാമറയില്‍ അങ്ങനൊരു സൌകര്യം ഉണ്ടെന്നിരിക്കെ, അതുപയോഗപ്പെടുത്തുന്നതില്‍ എന്ത് കുഴപ്പം.? എങ്ങനായാലും പടം നന്നായാല്‍ പോരെ?"
"സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍ കുഴപ്പം ഒന്നുമില്ല.. അമിതമായി അവയെ ആശ്രയിക്കുന്നതാണ് പ്രശ്നം"
"അതിനു ഇതിലിപ്പോ എന്ത് പ്രശ്നമിരിക്കുന്നു, അതിനുമ്മാത്രം?"
"പറയാം.. ഈ ഉദാഹരണത്തില്‍ നമ്മുടെ കുട്ടി, നമ്മുടെ ക്യാമറ, നമുക്ക് സൌകര്യമുള്ള സമയം... അങ്ങനാണല്ലോ?"
"അതെ.."
"അതെല്ലായ്പോഴും അങ്ങനായിക്കൊളളണം എന്നില്ലല്ലോ... ഫോട്ടോഗ്രാഫിയില്‍ സബ്ജക്ടോ, പശ്ചാത്തലമോ, സമയം തന്നെയുമോ മിക്കപ്പോഴും ഫോട്ടോഗ്രാഫറുടെ നിയന്ത്രണത്തില്‍ ആയിരിക്കില്ല. അങ്ങിനെ വരുമ്പോള്‍ അയാളുടെ മുന്നിലുള്ള സാഹചര്യങ്ങള്‍ക്കനുസരിച്ച് പെട്ടെന്ന്‍ പ്രതികരിക്കാനുള്ള ഒരു കഴിവ് ഒരു ഫോട്ടോഗ്രാഫര്‍ക്ക് അത്യാവശ്യമാണെന്ന്‍ വരുന്നു. അത് നിരന്തരമായ പഠനത്തിലൂടെയും പ്രാക്റ്റീസിലൂടെയും മാത്രമേ നേടിയെടുക്കാന്‍ കഴിയൂ. ആ ഒരു പരിശ്രമത്തിനുള്ള മനസ്സാണ് ഇതിന്റെ അമിതോപയോഗത്തിലൂടെ നാം നഷ്ടപ്പെടുത്തുന്നത്."
"നേരത്തെ നാം പറഞ്ഞ കുട്ടിയുടെ സ്ഥാനത്ത് പറന്നു വരുന്ന ഒരു പക്ഷിയാണെന്ന് സങ്കല്പിക്കൂ.. ആ പക്ഷിയെ കാണുന്ന മാത്രയില്‍ അതിനെ ഫോട്ടോ എടുക്കാന്‍ തയ്യാറെടുക്കുന്ന ഒരു ഫോട്ടോഗ്രാഫര്‍ എന്തൊക്കെ ചിന്തിക്കണം?"
"പറ..."
"ആ പറന്നു വരുന്ന പക്ഷി സാമാന്യ൦ നല്ല വേഗതയുള്ള ഒരു ചലിക്കുന്ന സംഗതിയാണ്.. ആയതിനാല്‍ ക്യാമറ burst mod ഇല്‍ ഇടണം .. ഫോക്കസിംഗ് മോഡ് കണ്ടിന്യൂസ് ആവണം... ഉയര്‍ന്ന ഷട്ടര്‍സ്പീഡ് ഉപയോഗിക്കണം. ഇതിനെല്ലാമുപരി ആ പക്ഷിയുടെ പശ്ചാത്തലം ആകാശമാണെങ്കില്‍, ബാക്ക് ഗ്രൗണ്ടില്‍ നിന്നും വരുന്ന പ്രകാശം പക്ഷിയില്‍ നിന്നും വരുന്നതിനേക്കാള്‍ കൂടുതലാവുമെന്നും, ആയത് കൊണ്ട് ടിയാള്‍ അണ്ടര്‍ എക്സ്പോസ് ആയിപോവാന്‍ സാധ്യത ഉണ്ടെന്നും, അതൊഴിവാക്കണമെങ്കില്‍ ക്യാമറയുടെ നോര്‍മല്‍ റീഡിംഗിനെക്കാള്‍ ചുരുങ്ങിയത് ഒരു രണ്ടു സ്റ്റോപ്പ് എങ്കിലും ഓവര്‍ എക്സ്പോസ് ചെയ്യണം എന്നുമൊക്കെ, ആവശ്യം വരുമ്പോള്‍ എടുത്തുപയോഗിക്കാന്‍ പാകത്തില്‍ അയാളുടെ തലക്കകത്ത് ഉണ്ടായിരിക്കണം. "
"അദ്ദു പോയിന്റ്...!"
"അല്ലാതെ തോന്നിയ സെറ്റ് അപ്പില്‍ ഫോട്ടോ എടുത്ത് ഡിസ്പ്ലേ ബട്ടണ്‍ ഞെക്കിനോക്കി... "സ്വാറി പക്ഷീ... പടം പതിഞ്ഞില്ല... ഞാനെന്‍റെ ഷട്ടര്‍ സ്പീഡ് ഒന്ന് കൂട്ടട്ടെ... ഒന്നൂടെ പറന്നു വരൂ..പ്ലീസ്".... എന്ന് പറയാന്‍ പറ്റ്വോ....! വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി, സ്ട്രീറ്റ് ഫോട്ടോഗ്രാഫി, ന്യൂസ് ഫോട്ടോഗ്രാഫി തുടങ്ങിയ മേഖലകളിലെല്ലാം കഴിവ് തെളിയിക്കണമെങ്കില്‍ ഈ ഒരു അപഗ്രഥന പാടവ൦, അതും വളരെ സ്വാഭാവികമായി, ഞൊടിയിടയില്‍ ഉപയോഗപ്പെടുത്താന്‍ പറ്റിയിരിക്കണം. അങ്ങനെ എങ്കില്‍ അത്യാവശ്യം അതിനായി നാം മെനക്കെടാന്‍ തയ്യാറായേ പറ്റൂ..."
"ശരി മെനക്കെടാന്‍ ഇതാ തയ്യാര്‍... വഴി കൂടെ പറ..."
"ഒരു ചെറിയ ഉദാഹരണം കൂടെ... തുടക്കത്തിലേ തന്നെ മനക്കണക്കില്‍ കൂട്ടലും കുറയ്ക്കലും അത്യാവശ്യ൦ ഗുണനവും ഹരണവും ഒക്കെ ചെയ്തു ശീലിച്ച ഒരാള്‍ക്ക്, പിന്നീട് കാല്കുലേറ്റര്‍ ഉപയോഗിച്ച് ഇവയൊക്കെ ചെയ്താലും, ആ പഴയ മനക്കണക്കിനുള്ള കഴിവ് നശിച്ചു പോകുന്നില്ല. എന്നാല്‍ തുടക്കത്തിലെ തന്നെ കാല്‍കുലേറ്റര്‍ ഉപയോഗിച്ച് ശീലിക്കുന്ന ഒരുകുട്ടിക്ക് മനസ്സില്‍ ക്രിയകള്‍ ചെയ്യുക എന്നത് അത്ര എളുപ്പമായിരിക്കുകയുമില്ല"
.. "
"ങ്ങള് ഉദാഹരണം പറഞ്ഞു കളിക്കാതെ കാര്യം പറ കോയാ...!"
"അപ്പൊ പിച്ച വെക്കാന്‍ തുടങ്ങുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്കുള്ള ആദ്യത്തെ പരിശീലന ക്കളരി ചുവടുകള്‍..!"
"...ഉം..പോരട്ടെ.."
"സൌകര്യങ്ങള്‍ മറക്കുക..."
"ന്തോന്നാ...?"
"ലിമിറ്റ് യുവര്‍ റിസോഴ്സസ്...."
"അതിന്റെ ഇംഗ്ലീഷല്ല ചോദിച്ചത്... എങ്ങനെ, അത് പറ...."
"അതായത് ചുവട് ഒന്ന്... നാലാലൊരു നിവൃത്തി ഉണ്ടെങ്കില്‍ പരിശീലനത്തിനായി ഫോട്ടോ എടുക്കുമ്പോള്‍ സൂം ലെന്‍സുകള്‍ ഒഴിവാക്കുക. ലഭ്യമാണെങ്കില്‍ ഒരു ഫിക്സഡ് ഫോക്കസ് ലെങ്ങ്ത് ഉള്ള ലെന്‍സ് ഉപയോഗിക്കുക. നിങ്ങളുടെ കാലുകളാണ് ലോകത്തിലെ ഏറ്റവും നല്ല സൂം ലെന്‍സ് എന്ന തത്ത്വം മുറുകെ പിടിക്കുക."
"ഗുണം...?"
"ഉപയോഗിക്കാന്‍ പറ്റിയ ഫോക്കസ് ലെങ്ങ്തിന്റെ പരിമിതിയില്‍ നിന്നു കൊണ്ട് ഒരു ഫ്രെയിമിലെ എലമെന്റുകളെ എങ്ങിനെ ഭംഗിയായി ക്രമീകരിക്കാം. അതാണ് പാഠം.."
"പിന്നെ..?"
"ഒരു കഷ്ണം പേപ്പര്‍ അല്ലെങ്കില്‍ കാര്‍ഡ് വേചൊട്ടിച് ക്യാമറയുടെ ഡിസ്പ്ലേ സ്ക്രീന്‍ മറയ്ക്കുക..."
"അതെന്തിന് ആ പൊല്ലാപ്പ്, അതിലോട്ട് നോക്കാതിരുന്നാ പോരെ?......"
"നടക്കൂല്ല..."
"അദെന്ത്....?"
"ഘോര ഘോരം തപസ്സ് ചെയ്യുമ്പോള്‍ മുന്നില്‍ വന്നു നൃത്തമാടിയ മഹിളാമണി മേനകയെ കണ്ടപ്പോ ശ്രീമാന്‍ വിശ്വാമിത്രനുണ്ടായ ആ ഭീകര ത്വര അല്ലെങ്കില്‍ റ്റെ൦പ്റ്റെഷന്‍ ഉണ്ടല്ലോ.. അതിനേക്കാള്‍ വലിയ ഒരിതാണ് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഡിസ്പ്ലേ സ്ക്രീനിനോട്...! അത് കൊണ്ട് അത് മറച്ചേ പറ്റൂ..."
"ശരി മറയ്ക്കാം..."
"കാമറ മാനുവല്‍ മോഡില്‍ സെറ്റ് ചെയ്യുക...പറ്റുമെങ്കില്‍ റോ ഫോര്‍മാറ്റില്‍ ഷൂട്ട് ചെയ്യുക. ഏറ്റവും പ്രധാനമായി എടുക്കുന്ന ഫോട്ടോകളുടെ എണ്ണം പരിമിതപ്പെടുത്തുക."
"മനസ്സിലായില്ല..."
"ഉദാഹരണത്തിന് ഈ സെഷനില്‍ ഞാന്‍ പത്ത് ഫോട്ടോ മാത്രമേ എടുക്കുന്നുള്ളൂ എന്ന് മുന്‍കൂട്ടി തീരുമാനിക്കുക.. ആ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുക..."
"അതെന്തിന്? ഇങ്ങനെ ചക ചകാന്നു ഫോട്ടോ എടുത്തു തള്ളുക എന്നതല്ലേ അതിന്റെ ഒരു സുഖം?"
"ആ സുഖം തല്‍ക്കാലം വേണ്ട... അങ്ങനെ പരിമിതമായ ഷോട്ടുകളെ ഉള്ളൂ എന്ന ബോധമുണ്ടെങ്കില്‍ ഒരു ഫ്രെയിം തന്നെ വത്യസ്ഥ സെറ്റി൦ഗ്സുകളില്‍ എടുക്കുന്നതിനു പകരം നല്ലതെന്ന് തോന്നുന്ന ഒരു ഫോട്ടോ മാത്രം നാം എടുത്തു തുടങ്ങും."
"എന്നിട്ട്...?"
"ആ സെഷന്‍ കഴിഞ്ഞാ ഇമേജുകള്‍ ഡൌണ്‍ലോഡ് ചെയ്യുക. അപഗ്രഥിക്കുക. ഇനിയും എങ്ങനെ ഒക്കെ നന്നാക്കാന്‍ കഴിയും എന്നാലോചിക്കുക. സമാനമായ നല്ല ചിത്രങ്ങള്‍ എവിടെയെങ്കിലും കണ്ടതായി ഓര്‍മ്മയുണ്ടെങ്കില്‍ അതുമായി താരതമ്യം ചെയ്തു നോക്കുക.... പറ്റുമെങ്കില്‍ അതേ സബ്ജക്ടിനെ പുതിയ വെളിപാടുകളുടെ വെളിച്ചത്തില്‍ ഒന്ന് കൂടെ ഫോട്ടോ എടുത്തു നോക്കുക. അങ്ങനെ പാഠങ്ങള്‍ ഉള്‍ക്കൊള്ളുക... അദന്നെ...."
"ന്നാ ഞാനിപ്പ വരാട്ടോ... "
"എബ്ടെക്കാണാവോ...?"
"അല്ല... ഫോട്ടോ എടുത്ത് പഠിക്കാന്‍..."
"ആ.. അങ്ങിനെ..!"
"അല്ലാ.. ആ മറ്റേ കാര്യം പറഞ്ഞില്ലല്ലോ....?"
"അതേതു കാര്യം....?"
"ഫോട്ടോഗ്രാഫി പഠനത്തില്‍ തീവണ്ടി കയറുന്ന കാര്യം...!"
"ഓഹ്..അതോ... അത് അടുത്ത പ്രാവശ്യം...."
"ന്നാ.... ഓക്കെ..."
No comments:
Post a Comment