Tuesday, August 26, 2014

ഫോട്ടോഗ്രാഫി പഠനത്തില്‍ തീവണ്ടിക്കുള്ള പങ്ക്...!!
"എങ്ങോട്ടാണെഡേയ്... അതിരാവിലെ തന്നെ കെട്ടും ഭാ‍‌ണ്ഡവുമൊക്കെയായി...?"

"ദേ... ഇതെന്റെ കാമറെ൦ മൊത്തം ലെന്‍സുകളും.... ഫ്ലാഷ് ഗണ്ണും, മുക്കാലീം ബാക്കി സകല കിടുതാപ്പുകളും ഉണ്ട്.. പത്തരയ്ക്കുള്ള ചെന്നൈ സൂപ്പര്‍ ഫാസ്റ്റിനു രണ്ട് ടിക്കറ്റും...."

"നീ എന്ത്.. ക്യാമറയുമായി നാട് വിടുന്നോ.....?"

"അത് ശരി, ഫോട്ടോഗ്രാഫി പഠിപ്പിക്കാന്‍ തീവണ്ടീല്‍ പോകാന്നു പറഞ്ഞിട്ട്, ആളെ മക്കാറാക്ക്വാ?"

"ഹെന്‍റമ്മച്ചീ... അദാണോ കാര്യം....!! നീ ആ ഭാണ്ഡക്കെട്ട് അവിടെങ്ങാന്‍ വെച്ചിട്ട് സമാധാനമായി ഇവിടിരി..." 

"ഏയ്‌ .. അത് ശരിയാവൂല്ല... ട്രെയിന്‍ വരാന്‍ ഇനി അര മണിക്കൂര്‍ തികച്ചില്ല....."

"ഹ.. അതങ്ങ് പോട്ടെ... നീ ഇവിടിരി..."

"അപ്പൊ നമ്മള്‍ പോണില്ലേ...?"

"പോകാം... നമ്മള്‍ വേണ്ട, നീ ഒറ്റയ്ക്ക് പോയാ മതി... സൂപ്പര്‍ ഫാസ്റ്റും വേണ്ട.. നാളെ രാവിലത്തെ മാംഗളൂര്‍ കോയമ്പത്തൂര്‍ പാസഞ്ചര്‍ ട്രെയിന്‍ പിടിച്ചോ...ഇനീപ്പോ ട്രെയിന്‍ കിട്ടിയില്ലേല്‍ ബസ്സായാലും മതി...."

"അത് ശരി ആളെ പറ്റിക്കാ.... വെറുതെ ഒരു യാത്ര ആണ് പരിപാടി എങ്കില്‍ അതെനിക്കറിയാലോ...."

"എന്തറിയാം...?"

"നമ്മളിങ്ങനെ ഓരോരോ പുതിയ സ്ഥലങ്ങളില്‍ പോകുന്നു... ക്യാമറ എടുത്ത് ചക ച്കാന്നു ഫോട്ടോ എടുക്കുന്നു... പഠിക്കുന്നു....അദന്നെ..!"

" ഇങ്ങനെ ചക ചകാന്നുള്ള ഫോട്ടോ എടുപ്പ് എന്ന് നിര്‍ത്തുന്നോ, അന്നേ നീ ഫോട്ടോഗ്രഫി പഠിക്കൂ..."

"അദെന്ത്...? അപ്പ  ഫോട്ടോ എടുക്കണ്ടേ...?"

"വേണ്ട... ക്യാമറ പോലും എടുക്കണ്ടാ.....!!"

"മനസ്സിലായില്ല..."

"തീവണ്ടി കയറിയുള്ള ഫോട്ടോഗ്രഫി പഠനത്തിനു ക്യാമറയേ ആവശ്യമില്ലാന്നു....!"

"എന്തോന്ന്‍?.... ഈ വെള്ളത്തിലിറങ്ങാതെ നീന്താന്‍ പഠിക്കാ... വളയമില്ലാതെ ചാട്ടം പഠിക്കാ... അതുപോലാ ല്ലേ... ബെസ്റ്റ്!"

"നീ അവിടിരുന്നൊന്നു സമാധി, സോറി സമാധാന്‍ ആവൂ... പറയാം..."

"ശരി ഇരുന്നു....."

"ഈ പറയാന്‍ പോകുന്ന പാഠം അല്ലെങ്കില്‍  ഫോടോഗ്രഫിക് എക്സര്‍സൈസ് ഏതു സമയത്തും വാഹനത്തിലോ ഇനി കാല്‍ നടയായോ ആയാലും  സഞ്ചരിക്കുമ്പോ ചെയ്യാന്‍ പറ്റിയ ഒരു സംഗതിയാണ്."

"പിന്നെന്തിനു തീവണ്ടി...?"

"ഞാന്‍ നോക്കിയിടത്തോളം ഏറ്റവും ഫലപ്രദമായി ഇത് ചെയ്യാന്‍ പറ്റിയ ഇടമാണ് തീവണ്ടി... കേരളത്തെ സംബന്ധിചിടത്തോളം എങ്കിലും..."

"കാര്യം...?"

"റോഡ്‌ വഴിയുള്ള യാത്രയേക്കാള്‍ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയും മുഹൂര്‍ത്തങ്ങളും തീവണ്ടി യാത്രയില്‍ കിട്ടും എന്നാണ് ഒരു നിരീക്ഷണം"

"ശരി.... തീവണ്ടി കയറിയിട്ട് എന്ത് ചെയ്യണം അത് പറ....."

"ആദ്യമേ ഒരു കാര്യം... തിരക്ക് പിടിച്ചുള്ള യാത്രകള്‍ മറന്നേക്കുക.... നല്ല സമയത്തോടെ യാത്ര ചെയ്യുമ്പോ മാത്രം ഇത് ചെയ്താ മതി...."

"അദെന്ത്...?"

"കാരണം.. എല്ലാ സ്റ്റേഷനുകളിലും നിര്‍ത്തി അങ്ങിനെ പോകുന്ന ഒരു ലോകല്‍ ട്രെയിനില്‍ ആണ് നാം കയറുന്നത്.... കഴിയുന്നതും രാവിലെ, അല്ലെങ്കില്‍ വൈകുന്നേരം..."

"ആയിക്കോട്ടെ...."

"ഇനി വളരെ പ്രധാനപ്പെട്ട ഒരു കാര്യം..."

"എന്താണാവോ...?"

"വിന്‍ഡോ സീറ്റ്... എങ്ങനെങ്കിലും ഒരു വിന്‍ഡോ സീറ്റ് കരസ്ഥമാക്കുക..."

"അതും തീരുമാനാക്കാം....ന്നിട്ട്?"

"ഇരിക്കാ... സ്വസ്ഥമായി... ഏകാഗ്രമായി..."

"അങ്ങനിരുന്നാ മതിയോ... ?"

"പോരാ... കണ്ണും മനസ്സും മുഴുവനായും ചുറ്റ്പാടുകളിലേക്ക് കേന്ദ്രീകരിക്കുക....."

"സാഹിത്യം പറയാതെ കാര്യം പറ കോയാ...!"

"ശരി... ആദ്യം തന്നെ നമ്മുടെ തീവണ്ടി ഒരു സ്റ്റേഷനില്‍ നില്‍ക്കുന്നു എന്നൊരു ഊഹത്തില്‍ നിന്നു തുടങ്ങാം...."

"ശരി ഊഹിച്ചു....."

"തീവണ്ടിയില്‍ നമ്മുടെ സ്ഥാനം നിശ്ചിതമാണ്... പുറത്തുള്ള കാഴ്ചകളിലോ സംഭവങ്ങളിലോ നമുക്കൊരു നിയന്ത്രണവുമില്ല.... ഇതിനെല്ലാമുപരി ആ കാഴ്ചകളോ, സംഭവങ്ങളോ തീവണ്ടിയുടെ ജനാല എന്ന ചതുരത്തിനാല്‍ അല്ലെങ്കില്‍ ഫ്രെയിമിനാല്‍ പരിമിതപ്പെടുത്തപെട്ടും ഇരിക്കുന്നു.... ഓ..ക്കെ?"

"ശരി...."

"ശരി അപ്പൊ ആദ്യം ചെയ്യേണ്ടത് ജനാല എന്ന ഫ്രെയിമിനുള്ളിലൂടെ പ്ലാറ്റ്ഫോമിലോ അല്ലെങ്കില്‍ അതിനുമപ്പുറത്തോ കാണുന്ന കാഴ്ചകളില്‍ ഫോട്ടോഗ്രഫിക് ഇന്ററസ്റ്റ് ഉള്ളത് എന്ന് നിങ്ങള്‍ക്ക് പെട്ടെന്ന് തോന്നുന്ന ഒരു സംഗതി കണ്ടു പിടിക്കുക എന്നതാണ്.. അത് കളര്‍ കൊമ്പിനെഷന്‍സ് ആവാം, പാറെറണുകള്‍ ആവാം... പ്ലാറ്റ്ഫോമില്‍ നില്‍ക്കുന്ന ആളുകള്‍ ആവാം, ബഞ്ചുകളില്‍ ഇരുന്നു സൊറ പറയുന്നവര്‍ ആവാം... അങ്ങനെ എന്തും..."

"എന്നിട്ട്..?"

"ആദ്യം എന്ത് കൊണ്ട് ആ സബ്ജക്റ്റ് നിങ്ങള്‍ക്ക് ഫോട്ടോ എടുക്കാന്‍ പറ്റുന്നതായി തോന്നി എന്ന്‍ ആലോചിക്കുക...എന്ത് പ്രത്യേകത ആണ് നിങ്ങളതില്‍ കണ്ടത് എന്ന്.....അല്ലെങ്കില്‍ ചുറ്റുമുള്ള മറ്റു എലമെന്റുകളില്‍ നിന്നും ആ ഒന്നിനെ ശ്രദ്ദേയമാക്കുന്ന ഘടകം എന്ത്..?"

"ഹൂശേന്‍റപ്പ.....!!"

"കഴിഞ്ഞില്ല... അതിനെ ഇതു രീതിയില്‍ ആ ഫ്രെയിമിനുള്ളില്‍ ക്രമീകരിക്കാന്‍ പറ്റും എന്നും ആലോചിക്കണം..."

"മനസ്സിലായില്ല..."

"അതായത്... ആ ഒരു സബ്ജക്ടിനെ അല്ലെങ്കില്‍ എലമെന്റിനെ ഫ്രെയിമിനുള്ളില്‍ വരുന്ന മറ്റ് എലമെന്‍റുകളുമായി അല്ലെങ്കില്‍ ബാക്ക് ഗ്രൌണ്ട് മായി എങ്ങിനെ ബന്ധപ്പെടുത്താം... എന്ന് നോക്കുക... ഉദാഹരണത്തിനു പ്ലാറ്റ്ഫോമില്‍ കളിക്കുന്ന ഒരു കുട്ടി ആണ് സബ്ജക്റ്റ് എന്ന് കരുതുക. എങ്കില്‍ അതിനെ നോക്കി നില്‍ക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍, അങ്ങിനെയൊക്കെ! ഏറ്റവും  പ്രധാനമായി ആ ഫ്രെയിമിനുള്ളില്‍  ഏതൊക്കെ എലമെന്റ്സ് ഇല്ലായിരുന്നെങ്കില്‍ ആ പടം ഒന്നുകൂടെ ഭംഗിആയേനെ എന്നും ആലോചിക്കണം... കൂട്ടത്തില്‍ ആ സബ്ജക്റ്റില്‍ വീഴുന്ന പ്രകാശം ആ ഫോട്ടോയെ ഏതെങ്കിലും വിധത്തില്‍ നന്നാക്കാന്‍ ഉത്തകുന്നോ അതല്ല ആ പ്രകാശം വേറൊരു ആംഗിളില്‍ ആയിരുന്നോ നന്നാവുക എന്നും കൂടെ..."

"നിര്‍ത്ത്...നിര്‍ത്ത്, അപ്പോഴേക്കും വണ്ടി പുറപ്പെട്ടിട്ടുണ്ടാവും....."

"ആയിക്കോട്ടെ... അപ്പൊ അത് മറക്കാം... അടുത്ത സ്റ്റേഷനില്‍ വീണ്ടും... അങ്ങനെ യാത്രയുടെ അവസാനം വരെ.. അല്ലെങ്കില്‍ മതി എന്ന്‌ തോന്നും വരെ ആവര്‍ത്തിച്ചു കൊണ്ടേ ഇരിക്കുക....."

"ബോറടിക്ക്വോ......?"

"ഇല്ല, എന്ന് മാത്രമല്ല ഫോട്ടോഗ്രാഫിയില്‍ താല്പര്യമുണ്ടെങ്കില്‍ ഏറ്റവും ആസ്വദിച്ച് എത്രനേരം വേണമെങ്കിലും ചെയ്യാന്‍ പറ്റിയ ഒരു സംഭവമാണിത്... ഗ്യാരണ്ടി...!!"

"ശരി... അപ്പൊ സ്റ്റേഷനുകളില്‍ മാത്രം മതിയോ പഠനം...?"

"പോര.. വണ്ടി സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോള്‍ പുറത്ത് കാണുന്ന കാഴ്ചകളും ഇതേപോലെ അപഗ്രഥിച്ചു കൊണ്ടിരിക്കണം. അതിനു ഒന്ന് കൂടെ എകാഗ്ര൦ ആയിരിക്കണം നാം. കാരണം നമുക്ക് പകര്ത്തേണ്ട ഫ്രെയിമിനു തിരശ്ചീനമായി വേഗത്തില്‍ നീങ്ങി കൊണ്ടിരിക്കുകയാണ് വണ്ടി. അപ്പൊ നമ്മളും അതിനനുസരിച്ച് വേഗത്തിലാവണം. നിശ്ചലാവസ്ഥയില്‍ നിന്നുള്ളതിനേക്കാള്‍ ഒരു ഗുണം എന്താണെന്ന് വെച്ചാല്‍ ഒരു സബ്ജക്റ്റ് അല്ലെങ്കില്‍ ഫ്രെയിം തന്നെ പല വ്യൂ പോയിന്റുകളില്‍, മാറി വരുന്ന ലൈറ്റ് ആംഗിളുകളില്‍  കാണാന്‍ പറ്റും വണ്ടി സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോള്‍ എന്നുള്ളതാണ്... അങ്ങിനെ തീവണ്ടി ജനാലയുടെ ചതുരത്തിനുള്ളില്‍ മിന്നി മറയുന്ന  ഗ്രാമാക്കാഴ്ച്ചകളില്‍, നഗര തിരക്കില്‍, പ്ലാറ്റ്ഫോമിലെ ജീവിതങ്ങളില്‍ ഒക്കെ നിന്നും ഒരു ഫോട്ടോഗ്രാഫര്‍ക്ക് വേണ്ടത് പെട്ടെന്ന് കണ്ടെത്താന്‍, അതിന്റെ സാധ്യതകളെ തിരിച്ചറിയാനുള്ള കഴിവ് വളര്‍ത്തിയെടുക്കാന്‍ ഒരു പാടു സഹായകരമാവും ഈ പരിശീലനം...""ശരി അപ്പൊ തീവണ്ടി തന്നെ വേണമെന്നില്ല എന്ന് പറഞ്ഞതിന്റെ പൊരുള്‍ ഇപ്പൊ മനസ്സിലായി...."

"അദന്നെ.... ഇതിപ്പോ ഏത് യാത്രയിലും, ചുമ്മാ നടക്കുമ്പോഴും ഒക്കെ ചെയ്യാവുന്നതേ  ഉള്ളൂ... കൂട്ടത്തില്‍ നല്ലത് എന്നെനിക്കു തോന്നിയത് കൊണ്ട് തീവണ്ടിയെ ഉദാഹരണമാക്കി എന്നേയുള്ളൂ... കുറെ ഇതിങ്ങനെ തുടര്‍ന്നാല്‍ നമ്മള്‍ പോലുമറിയാതെ ഒരു ഫോട്ടോഗ്രാഫര്‍ക്ക് വേണ്ട വലിയൊരു ഗുണം നമ്മളില്‍ വളര്‍ന്നു വരും..?"

"അതേത് ഗുണം...?"

"നിരീക്ഷണ പാടവം... കൂട്ടത്തില്‍   മുന്നില്‍ തെളിയുന്ന ഒരു കാഴ്ചയുടെ അല്ലെങ്കില്‍ ഒരു സബ്ജക്റ്റിന്റെ ഫോട്ടോഗ്രാഫിക് വിശദാംശങ്ങള്‍, ഉദാഹരണത്തിന് ലൈറ്റ് ആംഗിള്‍, സ്റ്റ്രക്ച്ചര്‍, ലൈഫ് എലമന്റ്, ഫ്രെയിം ബാലന്‍സിംഗ്, കളര്‍ ബാലന്‍സിംഗ് തുടങ്ങിയവ ഒക്കെ  വളരെ സ്വാഭാവികമായി വേഗത്തില്‍ മനസ്സിലേക്ക് വരാനും ഈ തരത്തിലുള്ള പരിശീലനം വളരെ സഹായകരമാവും...."

"ശരി ഇങ്ങനെ പോകാന്‍ പറ്റിയ റൂട്ടുകള്‍ ഏതേലും...?"

"അങ്ങനെ പ്രത്യേകിച്ചു റൂട്ടുകള്‍ ഒന്നുമില്ല, ഇതേതു റൂട്ടിലും ഓടും... ഞാന്‍ പോയിട്ടുള്ളതില്‍ ഇഷ്ട റൂട്ടുകള്‍, കോഴിക്കോട് - പാലക്കാട്, ഷോര്‍ണൂര്‍ - നിലമ്പൂര്‍, കൊല്ലം - പുനലൂര്‍, ആലപ്പുഴ വഴി തിരുവനന്ത പുരം, മേട്ടുപാളയം - ഊട്ടി, പിന്നെ ജീവിതത്തില്‍ ഒരിക്കലെങ്കിലു നിര്‍ബന്ധമായും സഞ്ചരിചിരിക്കേണ്ണ്ട ഒരു പാത കൂടെ ഉണ്ട്...."

"അതേത് വഴി....?"

"മ ഡ്ഗോവ - ഹോസ്പേട്ട്....പ്രത്യേകിച്ച് മ ഡ്ഗോവ മുതല്‍ റോക്ക് ഫോര്‍ട്ട്‌ സ്റ്റേഷന്‍ വരെയുള്ള യാത്ര... "

"അതിലെന്തോന്നിത്ര രോമാഞ്ചം കൊള്ളാന്‍...?"

"ദൂത് സാഗര്‍ വെള്ളചാട്ടത്തിനരികിലൂടെ കടന്നു പോകുന്ന ആ പാതയിലൂടെയുള്ള യാത്രയെ അവിസ്മരണീയം എന്നേ പറയാനൊക്കൂ..."

"ങേ... ഇപ്പഴാ ഒരു കാര്യം ഓര്‍ത്തേ......"

"എന്താ...?"

"എന്റെ ക്യാമറ കിടുതാപ്പ് കെട്ടു ഭാ‍‌ണ്ഡ൦ ഒക്കെ ഇവിടിരിക്കട്ടെ... നമ്മക്കൊരു അഞ്ചാറു ദിവസം കഴിഞ്ഞു കാണാം..."

"നീ ഇതെവിട പോണു?"

"ഞാന്‍ ഫോട്ടോഗ്രാഫി പഠിക്കാന്‍... ഗോവ വരെ...!"

"അതെന്തിന് അങ്ങോട്ട് തന്നെ പോണു...നമുക്കു തല്ക്കാലം ഇവിടന്നന്നെ തുടങ്ങാം...."

"പോര അങ്ങോട്ട്‌ തന്നെ പോണം... ഗോവയിലെ ബാറുകള്‍ തല്‍ക്കാലം പൂട്ടാന്‍ ഉദേശമില്ലാന്നു അവിടത്തെ മുഖ്യമന്ത്രി പറഞ്ഞൂന്നു ഞാനിന്നലെ പത്രത്തില്‍ വായിച്ചേ  ഉള്ളു...."

"ഹീശ്വരാ... വെളുക്കാന്‍ തേച്ചത് പാണ്ടായോ.......!!!"

  

Post a Comment